കണ്ണൂർ: പോലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പടെ രണ്ട് സിപിഎം പ്രവർത്തകർക്ക് തടവുശിക്ഷ. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽഡിഎഫ് സ്ഥാനാർഥി പയ്യന്നൂർ കാറമേൽ വി.കെ. നിഷാദ്, വെള്ളൂർ ടി.സി.വി. നന്ദകുമാർ എന്നിവർക്ക് കോടതി 20 വർഷം തടവും രണ്ടരലക്ഷം രൂപ പിഴയും വിധിച്ചു.
പ്രതികൾ പത്ത് വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി അറിയിച്ചു. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം.
പയ്യന്നൂർ എസ്ഐ ആയിരുന്ന കെ.പി. രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കിൽ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. വധശ്രമം, സ്ഫോടക വസ്തു നിയമത്തിലെ മൂന്നു വകുപ്പുകൾ അടക്കം തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.
എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിന്റെ ഭാഗമായാണ് പോലീസിനെതിരെ ബോംബേറ് നടന്നത്.
പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ നിഷാദും മറ്റു മൂന്നുപേരും അതിവേഗം രണ്ടു ബൈക്കുകളിലെത്തി. പോലീസ് ഒച്ചവച്ചപ്പോൾ ഇവർക്കു നേരെ ബോംബെറിഞ്ഞ ശേഷം ബൈക്ക് ഓടിച്ചുപോകുകയായിരുന്നു.
കേസിൽ എ. മിഥുൻ, കെ.വി. കൃപേഷ് എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് പ്രതിയായ വി.കെ. നിഷാദ്.